Saturday, 22 December 2018

ആ ദിവസത്തിന്റെ ഓര്‍മ.

ആ  ദിവസത്തിന്റെ ഓര്‍മ....
_________________________
2009 നവംബര്‍ 22.കല്യാണം ആയിരുന്നു. @ 21 വയസ്സ്

എന്റെ കൂട്ടുകാരാരും ഇല്ല,അനിയത്തി അവളുടെ കൂട്ടുകാരുമായി നടക്കുന്നു.കസിന്‍സ് പൊടിക്കാച്ചികള്‍.

ടെന്‍ഷനടി മാത്രം മിച്ചം..

കെട്ടൊക്കെ കഴിഞ്ഞു.
അമ്മായിഅച്ഛന്റേം കല്യാണചെക്കന്റേം നടുക്കിരുന്നാണ് സദ്യ ഉണ്ണുന്നത്.
ഉണ്ടു എന്നു പറയാന്‍ മാത്രേ പററൂ
കഴിക്കാനൊന്നും പററീല്ല.

സമീപ ഭാവിയില്‍ ഈ ഒരു ബാക്ഗ്രൗണ്ടിന്റെ ആവശ്യം വരും അതാണേ
Intro ഇത്തിരി കൂടിപ്പോകുന്നത്.

ഇന്നത്തെപ്പോലെ രണ്ടും മൂന്നും സാരി ഒന്നും ഇടയ്ക്കിടയ്ക്ക് മാറി ഉടുക്കേണ്ട ചടങ്ങുകളൊന്നും ഇല്ലായിരുന്നു.

തലയിലെ മുല്ലപ്പൂവൊക്കെ ആരെങ്കിലും ഒന്ന് പറിച്ചു തന്നിരുന്നെങ്കില്‍,

ഇനി എങ്ങനാ
വേറെ സാരി
ഉടുക്കണോ, ആര് ഉടുപ്പിക്കും.
ഈശ്വരാ ഈ പെണ്ണുങ്ങളെല്ലാം കൂടി
ഒരുക്കാന്‍ കേറി  ' ഈര്‍ക്കിലിയില്‍ നെയ്റോസ്ററ് ചുററിയ പോലുളള എന്റെ കോലം കണ്ട് കുററം പറയുമല്ലോ,

അളവു ബ്ലൗസ് കണ്ട് കിളി പോയ വരന്‍
വധുവിനെ വിളിച്ച്
''ഈ കോലം കെട്ട കോലമൊക്കെ മാററിക്കോണം '' എന്ന് ഫോണില്‍ പറഞ്ഞത് അതേ ക്ലാരിററിയോടെ ചെവിയില്‍ മുഴങ്ങുന്നു.

മല പോലെ പേടിച്ചതൊക്കെ എലി പോലെ പോയി.

വൈകുംനേരം തന്നെ സാരി മാററി ചുരിദാറിട്ടോളാന്‍ പറഞ്ഞു ചേച്ചീസൊക്കെ....

അവരുടെ ബന്ധൂക്കളൊക്കെ  കൂടിയിരുന്ന് വര്‍ത്തമാനം പറഞ്ഞു ചിരിക്കൂന്നു.

പെണ്ണിന് ചിരി വരുന്നില്ല.

ഇടയ്കെപ്പോഴോ ബെഡ്റൂമില്‍ പെണ്ണും ചെക്കനും മാത്രമായി.
അവിടെ ഓടി നടന്ന പിളളേരൊക്കെ എവിടെ പോയോ ആവോ.....

ചങ്കിടിപ്പ് കൂടി.
മാന്യനായ അദ്ദേഹം അനുവാദം ചോദിച്ചിട്ടാണ് ഒന്ന് ടച്ച് ചെയ്തത്.
ഒന്നൂല്ല, ഒന്നു ചേര്‍ത്തു നിര്‍ത്തി അലമാരയിലെ കണ്ണാടിയില്‍ നോക്കി.

മുഖഭാവം കണ്ടിട്ട് സന്തോഷമാണ് കക്ഷിക്ക്.
ഹാവൂൂൂ...

ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോ
അങ്ങോട്ടു പോയി.

സമ്മിശ്രവികാരങ്ങളാല്‍ ,പേടി.ഭയം.ടെന്‍ഷന്‍.
ഫുഡ് ട്രാജഡീ....

എല്ലാവരും ഉറങ്ങാന്‍ റെഡിയായി.....

റൊമാന്റീക്കായ ഷീബാക്കയാണോ സുനിലേട്ടനാണോ
പാലും ഫ്രൂട്ട്സുമൊക്കെ  ടേബിളില്‍ വെച്ചിട്ടുണ്ടായിരുന്നു.
നന്ദിയുണ്ട്,എന്നും....എല്ലാ വര്‍ഷവും ഈ ദിവസമെങ്കിലും അവര്‍ സ്മരിക്കപ്പെടും

പാല്, തണുത്തത്,പാടയുളളത്.
ഞാന്‍ കുടിക്കില്ല.തുളളി പോലും വേണ്ട.ശര്‍ദ്ദിക്കും.
വരന്‍ ഒററ വലിക്ക് തീര്‍ത്തു.

അടുത്തറൂമുകളില്‍ ലൈററ് ഓഫാകുന്നു.ഇരുട്ട്    
കനത്തു.
ചെക്കന്‍ ലൈറ്റോഫ് ചെയ്തു.

വധു നോക്കുബോള്‍,ഇരുട്ട്,മൊട്ടത്തല (കല്യാണം പ്രമാണിച്ച് പറ്റെ വെട്ടിയത്)
കറുത്തൊരു രൂപം അടുത്തോട്ട് വരുന്നു.

ബെഡ്ഡില്‍ നിന്നെഴുന്നേല്ക്കണമെന്നുണ്ട് .പററുന്നില്ല.തളരുന്നു.പല്ല് കോച്ചുന്നു.വിറയ്ക്കുന്നു മൊത്തത്തില്‍....

ചെക്കന് എന്തു ചെയ്യണമെന്നറിയില്ല.
അയ്യോ ,എന്താ,
ഞാനൊന്നും ചെയ്തില്ലല്ലോ.പേടിക്കണ്ട.എന്നൊക്കെ പറയുന്നുണ്ട്.

ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ,പനി വന്നപ്പോ പോലും ഇങ്ങനെ വിറച്ചിട്ടില്ല,

എങ്ങനെയോ നോര്‍മലായി. വരന്‍ ഉറങ്ങുന്നു.
ഈ പെര്‍ഫോമന്‍സൊക്കെ കഴിഞ്ഞപ്പോ
പെണ്ണിന് വിശക്കുന്നു.
മേശപ്പുറത്തിരിക്കുന്ന ആപ്പിള്‍ തപ്പിയെടുത്ത് ഒററയ്ക്കു തിന്നു.പകുതി ആയപ്പോ മതിയായി.ബാക്കി എന്ത് ചെയ്യും
ജനല്‍ തുറന്ന് പുറത്തേക്കെറിഞ്ഞു.

''ആരാ ഈ ആപ്പിളൊക്കെ മുററത്തേക്കെറിഞ്ഞത്..''.എന്ന് അടുത്ത വീട്ടിലെ ഒരു സ്ത്രീ ശബ്ദം.മുററമടിക്കുന്നതിനിടയ്ക്ക് അലറുന്ന ശബ്ദം കേട്ടാണ് പെണ്ണ് കണ്ണ് തുറക്കുന്നത്.

കല്യാണചെക്കന്റെ മാസ്സ് ചോദ്യം
''നീ പ്രായപൂര്‍ത്തിയായതാണോ,വല്ലതും അറിയാമോ''

Friday, 26 October 2018

ഏഴു സുവര്‍ണ വര്‍ഷങ്ങള്‍

കഴിഞ്ഞ ഏഴുവര്‍ഷങ്ങള്‍ .......

കണ്ണടച്ചൊന്നോര്‍മകളെ പരതിയാല്‍ നീണ്ടയൊരുഘോഷയാത്ര.

ഉറക്കച്ചടവാര്‍ന്ന രാവുകള്‍...
   (ചില ദിവസങ്ങളിലിന്നും)

ക്ഷമയുടെ നെല്ലിപ്പലകയുടെ അടിവശം താണ്ടലുകള്‍.....

നമ്മുടെ ദേഷ്യവും സങ്കടവും എല്ലാം കുഞ്ഞിന്റെ ചിരിയിലോ കരച്ചിലിലോ
മാഞ്ഞുപോകുന്നത്....

വേദനകള്‍ വേദനകളേ അല്ലാതാകുന്നത്...
അസ്വസ്ഥതകള്‍ വെറും തോന്നലുകള്‍ മാത്രമാകുന്നത്....

ലോകമേേേ ചുരുങ്ങിച്ചുരുങ്ങി കുഞ്ഞിലേക്ക് മാത്രമായെത്തുന്നത്...

ആദ്യമായി ''അമ്മേ'' എന്നു വിളിച്ച വിളി,
ആദ്യമായുച്ചരിച്ച വാക്ക്,
പല്ലു വന്നത്,
അമ്മിഞ്ഞ നുണയുന്ന നിമിഷം,
ആദ്യമായി വീണത്,
പിന്നീട് നമ്മളെ ടെന്‍ഷനിലേക്ക് കൂപ്പുകുത്തി വീഴ്ത്താന്‍ പാകത്തിനുളള
അസുഖങ്ങള്‍,നമ്മുടെ ഉറക്കത്തെ അപ്പാടെ മോഷ്ടിക്കുന്നു.

എന്റെ ജുഗ്നു, എന്നേ അവസാനിപ്പിക്കേണ്ടിയിരുന്ന ജീവിതം,
ഇന്നും പ്രതീക്ഷയുടെ തുമ്പില്‍ ചേക്കേറിയിരിക്കുന്നത് നിന്റെ മാത്രം ഓര്‍മകളിലാണ്. ആ ഉത്തരവാദിത്തത്തിലാണ്.

സകല ദൈവങ്ങളും ഗുരുക്കന്മാരും കുഞ്ഞീനെ അനുഗ്രഹിക്കുമാറാകട്ടെ.........

Thursday, 18 October 2018

അങ്ങോട്ട് ചെന്ന് വാങ്ങുന്ന എട്ടിന്റെ പണികള്‍

ഒരവധി ദിവസം .അതോ കളളത്തരം പറഞ്ഞ് school ല്‍ പോകാത്തതോ ആയ ഒരീസം.വീട്ടില്‍തന്നെയിരുന്നു ബോറടിച്ചു.ഒരു മിഠായി തിന്നില്ലെങ്കില്‍ മനസ്സിലൊരു വിഷമം പോലെ.

മൂത്തച്ഛന്‍ ഉറങ്ങുന്നു.

(എന്റെ ചങ്കിടിപ്പായിരുന്നു പുളളി എന്ന് തിരിച്ചറിയുന്നത് കുറച്ചു വലുതായതിനു ശേഷമാണ്.Y2K പ്രോബ്ളം അറീയാതെ മരിച്ചു പോയല്ലോ,2000 എന്ന വര്‍ഷം കാണാന്‍ പററീയില്ലല്ലോ എന്നൊക്കെ ഞാന്‍ സങ്കടപ്പെട്ടിട്ടുണ്ട്.രാഘവന്‍ വൈദ്യര്‍ എന്ന എന്റെ അച്ഛന്റെ അച്ഛന്‍
IT field മായി യാതൊരൂ ബന്ധവുമില്ലാത്തയാളാണ്.4 may 1999 ല്‍ മരണമടഞ്ഞു.)

മൂത്തമ്മ അടുത്ത വീട്ടിലെവിടെയോ പരദൂഷണകമ്മററിക്കും പോയി.

എവിടെനിന്നോ പത്തുപൈസേം തപ്പിക്കൊണ്ട് ബേബിചേട്ടന്റെ കടയിലോട്ടോടി.മിഠായീം വാങ്ങി വീട്ടിപ്പോരേണ്ടതിന് അവിടത്തെ പെണ്‍കുട്ടികളുടെ ആരുടെയോ ഒച്ച കേട്ടപ്പോ അങ്ങോട്ടു ചെന്നു.

വല്ലപ്പോഴും  മാത്രം പുറത്തേക്കിറങ്ങുന്ന (ഇറങ്ങിയ, വിടാറില്ല അങ്ങനെയൊന്നും)
എന്നെ കണ്ടപ്പോ ,അവര്‍ അകത്തേക്കു ക്ഷണിച്ചു. T Vയിലോട്ടു  നോക്കി നിന്ന ഞാന്‍ ആരോ അടുത്ത് ശബ്ദിച്ചതായി തോന്നി.

അടുത്ത വീട്ടിലെ ചേട്ടനാണ്.
'' ഈ തേപ്പുപെട്ടി അങ്ങോട്ടു കൊടുത്തേ''
എന്നു പറഞ്ഞതോര്‍മയുണ്ട്.

അയാള്‍  എന്റെയീ പിഞ്ചുകൈവെളളയിലേക്കാണ് ആ ചൂടായ തേപ്പുപെട്ടിവെച്ചുതന്നത്.

പെട്ടിയുടെ വെയിറ്റും ചൂടും കൊണ്ട് ഞാനത് താഴെയിടേണ്ടതായിരുന്നു.ഇട്ടില്ല.അടുത്തു കണ്ട ഡസ്കില്‍ വെച്ചു.

ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍ല്‍....

എന്താവാന്‍....

കൈ വെളള ഡബിളായി.ഒടുക്കത്തെവേദനേം.

കരഞ്ഞോണ്ട് ചെന്നപ്പോ മൂത്തമ്മ നെയ് തേച്ചു തന്നു.

അതു കൊണ്ടോന്നും നീററലും വേദനയും കുറഞ്ഞില്ല. കൈ പച്ചവെളളത്തില്‍ മുക്കുന്നൂൂൂ,തേന്‍ തേക്കുന്നൂ.
പാവങ്ങള്‍ രണ്ടുപേരും കൂടി മാറി മാറി കൈയില്‍ ഊതിതരുന്നൂ.....പല പരിപാടീം നോക്കി.
അയാളെ  വഴക്കു പറയാന്‍ ചെന്ന മൂത്തച്ഛന്‍ നിരാശനായി  മടങ്ങിയെത്തി.
അയാളപ്പഴേ പോയി.
അടൂത്ത പ്രശ്നം
വൈകുംന്നേരം ജോലിയും കഴിഞ്ഞ് വരുന്ന അച്ഛനോടും അമ്മയോടും എന്തു പറയും എന്നതായിരുന്നു.

എപ്പോഴൊക്കെ എന്റെ സംരക്ഷണത്തിനായി തീര്‍ത്ത,
അരുതുകള്‍ കൊണ്ടു മൂടിയ,
സ്നേഹം നിറഞ്ഞ ആ അതിരുകള്‍ ഞാന്‍
കാണാതെ ,കണ്ണുപൊത്തി സഞ്ചരിച്ചിട്ടുണ്ടോ അന്നൊക്കെ വലിയ വിലകള്‍ കൊടുക്കേണ്ടി വന്നിട്ടുണ്ടെനിക്ക്