Saturday, 22 December 2018

ആ ദിവസത്തിന്റെ ഓര്‍മ.

ആ  ദിവസത്തിന്റെ ഓര്‍മ....
_________________________
2009 നവംബര്‍ 22.കല്യാണം ആയിരുന്നു. @ 21 വയസ്സ്

എന്റെ കൂട്ടുകാരാരും ഇല്ല,അനിയത്തി അവളുടെ കൂട്ടുകാരുമായി നടക്കുന്നു.കസിന്‍സ് പൊടിക്കാച്ചികള്‍.

ടെന്‍ഷനടി മാത്രം മിച്ചം..

കെട്ടൊക്കെ കഴിഞ്ഞു.
അമ്മായിഅച്ഛന്റേം കല്യാണചെക്കന്റേം നടുക്കിരുന്നാണ് സദ്യ ഉണ്ണുന്നത്.
ഉണ്ടു എന്നു പറയാന്‍ മാത്രേ പററൂ
കഴിക്കാനൊന്നും പററീല്ല.

സമീപ ഭാവിയില്‍ ഈ ഒരു ബാക്ഗ്രൗണ്ടിന്റെ ആവശ്യം വരും അതാണേ
Intro ഇത്തിരി കൂടിപ്പോകുന്നത്.

ഇന്നത്തെപ്പോലെ രണ്ടും മൂന്നും സാരി ഒന്നും ഇടയ്ക്കിടയ്ക്ക് മാറി ഉടുക്കേണ്ട ചടങ്ങുകളൊന്നും ഇല്ലായിരുന്നു.

തലയിലെ മുല്ലപ്പൂവൊക്കെ ആരെങ്കിലും ഒന്ന് പറിച്ചു തന്നിരുന്നെങ്കില്‍,

ഇനി എങ്ങനാ
വേറെ സാരി
ഉടുക്കണോ, ആര് ഉടുപ്പിക്കും.
ഈശ്വരാ ഈ പെണ്ണുങ്ങളെല്ലാം കൂടി
ഒരുക്കാന്‍ കേറി  ' ഈര്‍ക്കിലിയില്‍ നെയ്റോസ്ററ് ചുററിയ പോലുളള എന്റെ കോലം കണ്ട് കുററം പറയുമല്ലോ,

അളവു ബ്ലൗസ് കണ്ട് കിളി പോയ വരന്‍
വധുവിനെ വിളിച്ച്
''ഈ കോലം കെട്ട കോലമൊക്കെ മാററിക്കോണം '' എന്ന് ഫോണില്‍ പറഞ്ഞത് അതേ ക്ലാരിററിയോടെ ചെവിയില്‍ മുഴങ്ങുന്നു.

മല പോലെ പേടിച്ചതൊക്കെ എലി പോലെ പോയി.

വൈകുംനേരം തന്നെ സാരി മാററി ചുരിദാറിട്ടോളാന്‍ പറഞ്ഞു ചേച്ചീസൊക്കെ....

അവരുടെ ബന്ധൂക്കളൊക്കെ  കൂടിയിരുന്ന് വര്‍ത്തമാനം പറഞ്ഞു ചിരിക്കൂന്നു.

പെണ്ണിന് ചിരി വരുന്നില്ല.

ഇടയ്കെപ്പോഴോ ബെഡ്റൂമില്‍ പെണ്ണും ചെക്കനും മാത്രമായി.
അവിടെ ഓടി നടന്ന പിളളേരൊക്കെ എവിടെ പോയോ ആവോ.....

ചങ്കിടിപ്പ് കൂടി.
മാന്യനായ അദ്ദേഹം അനുവാദം ചോദിച്ചിട്ടാണ് ഒന്ന് ടച്ച് ചെയ്തത്.
ഒന്നൂല്ല, ഒന്നു ചേര്‍ത്തു നിര്‍ത്തി അലമാരയിലെ കണ്ണാടിയില്‍ നോക്കി.

മുഖഭാവം കണ്ടിട്ട് സന്തോഷമാണ് കക്ഷിക്ക്.
ഹാവൂൂൂ...

ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോ
അങ്ങോട്ടു പോയി.

സമ്മിശ്രവികാരങ്ങളാല്‍ ,പേടി.ഭയം.ടെന്‍ഷന്‍.
ഫുഡ് ട്രാജഡീ....

എല്ലാവരും ഉറങ്ങാന്‍ റെഡിയായി.....

റൊമാന്റീക്കായ ഷീബാക്കയാണോ സുനിലേട്ടനാണോ
പാലും ഫ്രൂട്ട്സുമൊക്കെ  ടേബിളില്‍ വെച്ചിട്ടുണ്ടായിരുന്നു.
നന്ദിയുണ്ട്,എന്നും....എല്ലാ വര്‍ഷവും ഈ ദിവസമെങ്കിലും അവര്‍ സ്മരിക്കപ്പെടും

പാല്, തണുത്തത്,പാടയുളളത്.
ഞാന്‍ കുടിക്കില്ല.തുളളി പോലും വേണ്ട.ശര്‍ദ്ദിക്കും.
വരന്‍ ഒററ വലിക്ക് തീര്‍ത്തു.

അടുത്തറൂമുകളില്‍ ലൈററ് ഓഫാകുന്നു.ഇരുട്ട്    
കനത്തു.
ചെക്കന്‍ ലൈറ്റോഫ് ചെയ്തു.

വധു നോക്കുബോള്‍,ഇരുട്ട്,മൊട്ടത്തല (കല്യാണം പ്രമാണിച്ച് പറ്റെ വെട്ടിയത്)
കറുത്തൊരു രൂപം അടുത്തോട്ട് വരുന്നു.

ബെഡ്ഡില്‍ നിന്നെഴുന്നേല്ക്കണമെന്നുണ്ട് .പററുന്നില്ല.തളരുന്നു.പല്ല് കോച്ചുന്നു.വിറയ്ക്കുന്നു മൊത്തത്തില്‍....

ചെക്കന് എന്തു ചെയ്യണമെന്നറിയില്ല.
അയ്യോ ,എന്താ,
ഞാനൊന്നും ചെയ്തില്ലല്ലോ.പേടിക്കണ്ട.എന്നൊക്കെ പറയുന്നുണ്ട്.

ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ,പനി വന്നപ്പോ പോലും ഇങ്ങനെ വിറച്ചിട്ടില്ല,

എങ്ങനെയോ നോര്‍മലായി. വരന്‍ ഉറങ്ങുന്നു.
ഈ പെര്‍ഫോമന്‍സൊക്കെ കഴിഞ്ഞപ്പോ
പെണ്ണിന് വിശക്കുന്നു.
മേശപ്പുറത്തിരിക്കുന്ന ആപ്പിള്‍ തപ്പിയെടുത്ത് ഒററയ്ക്കു തിന്നു.പകുതി ആയപ്പോ മതിയായി.ബാക്കി എന്ത് ചെയ്യും
ജനല്‍ തുറന്ന് പുറത്തേക്കെറിഞ്ഞു.

''ആരാ ഈ ആപ്പിളൊക്കെ മുററത്തേക്കെറിഞ്ഞത്..''.എന്ന് അടുത്ത വീട്ടിലെ ഒരു സ്ത്രീ ശബ്ദം.മുററമടിക്കുന്നതിനിടയ്ക്ക് അലറുന്ന ശബ്ദം കേട്ടാണ് പെണ്ണ് കണ്ണ് തുറക്കുന്നത്.

കല്യാണചെക്കന്റെ മാസ്സ് ചോദ്യം
''നീ പ്രായപൂര്‍ത്തിയായതാണോ,വല്ലതും അറിയാമോ''